ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കൂട്ടായ്മയുടെ (Free Software Community of India) പ്രസ്താവന: എലമെന്റ്‍, ബ്രയാര്‍ ആപ്പുകള്‍ പ്രചരിപ്പിയ്ക്കുകയാണു് വേണ്ടതു്
By : FSCI
Published on: May 11, 2023 | Reading Time: 2 minprivacy federation instant-messaging statement encryption free-software matrix
Also available in:
സ്വതന്ത്ര സോഫ്റ്റ്‍വെയറുകളായ എലമെന്റ്‍, ബ്രയാര്‍ ഉള്‍പ്പെടെ 14 ആപ്പുകള്‍ മെയ് 3 മുതല്‍ ഇന്ത്യയില്‍ നിരോധിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ടു് 1. “ഇന്ത്യയില്‍ ഈ ആപ്പുകള്‍ക്കു് പ്രതിനിധികളാരും ഇല്ലാത്തതുകൊണ്ടു് ഇന്ത്യയിലെ നിയമപ്രകാരം അവശ്യപ്പെടാവുന്ന വിവരങ്ങള്‍ക്കു് ബന്ധപ്പെടാനാകുന്നില്ല” എന്നാണു് ഇതിനു് കാരണമായി വാര്‍ത്തകളില്‍ നിന്ന് മനസ്സിലാവുന്നതു്. പൊതുവായുള്ള ഒരു പ്രോട്ടോകോള്‍ വഴി ഒന്നിച്ചു പ്രവര്‍ത്തിയ്ക്കുന്ന (federated) സേവനങ്ങളെപ്പറ്റിയുള്ള സര്‍ക്കാറിന്റെ ധാരണക്കുറവാണ് ഇതില്‍ നിന്നും മനസ്സിലാക്കാനാവുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ കുറിപ്പുകളായി കൊടുത്തിരിയ്ക്കുന്നു.
ഈ നിരോധനം എങ്ങിനെ നടപ്പിലാക്കും എന്നത് വ്യക്തമല്ല. ആപ്പ് സ്റ്റോറുകളില്‍ നിന്നും ഇവ ഒഴിവാക്കും എന്നാണു് ഞങ്ങള്‍ കരുതുന്നതു്.
എലമെന്റ് ആപ്പിന്റെ നിര്‍മാതാക്കളായ എലമെന്റ് അവരുടെ നിലപാട് വ്യക്തമാക്കിക്കൊണ്ടു് ഒരു പ്രസ്താവന ഇറയ്ക്കിയിട്ടുണ്ടു് 2. ഇന്ത്യന്‍ ഗവര്‍ണ്‍മെന്റ് സംഘടനകള്‍ ആദ്യമായല്ല എലമെന്റിനെ സമീപിയ്ക്കുന്നതെന്നും, സമീപിച്ചപ്പോഴെല്ലാം കൃത്യമായി മറുപടി നല്കിയിട്ടുമുണ്ടെന്നും എലമെന്റ് പറയുന്നു. എന്നാല്‍ ഇങ്ങനൊരു നിരോധന ഉത്തരവിന്റെ പകര്‍പ്പോ സുചനയോ എലമെന്റിനു ഇതുവരെ ലഭിയ്ക്കുകയുണ്ടായിട്ടില്ല.
എലമെന്റ് ഒരിയ്ക്കലും എന്‍ഡ്-റ്റു-എന്‍ഡ് എന്‍ക്രിപ്ഷനിലോ (end-to-end encryption) സ്വകാര്യതയിലോ വിട്ടുവീഴ്ച ചെയ്യില്ലെങ്കിലും, ഇന്ത്യയിലെ ഏജന്‍സികള്‍ മുമ്പു് ഞങ്ങളെ ബന്ധപ്പെടുകയും ഞങ്ങള്‍ അവർക്ക് ക്രിയാത്മകമായി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ടു് (സാധാരണയായി അതേ ദിവസം തന്നെ മറുപടി നല്‍കിയിട്ടുണ്ടു്).
ഇന്ത്യയില്‍ പ്രതിനിധികള്‍ ഇല്ലാത്തതിനാലാണു് എലമെന്റ് (മറ്റു് ആപ്പുകളുടേയും) നിരോധനം ഇന്ത്യന്‍ അധികാരികള്‍ അംഗീകരിച്ചതെന്നാണു് ഞങ്ങള്‍ മനസ്സിലാക്കുന്നതു്.
ഇതു് നമ്മള്‍ ഊഹിച്ചെടുക്കുന്നതാണു്, കാരണം ഈ തിരുമാനത്തെക്കുറിച്ചുള്ള മുൻകൂർ അറിയിപ്പുകളൊന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇലക്ട്രോണിക്സിനും വിവര സാങ്കേതികവിദ്യയ്ക്കുമുള്ള മന്ത്രാലയത്തില്‍ നിന്നും വ്യക്തത വളരെ സ്വാഗതാര്‍ഹമായിരിക്കും.
പി-റ്റു-പി (P2P), ഫെഡറേറ്റഡ് ആപ്പുകള്‍ എങ്ങനെയാണു് പ്രവര്‍ത്തിയ്ക്കുന്നതെന്നു് മനസ്സിലാക്കുന്നതില്‍ സര്‍ക്കാരിനു് ധാരണക്കുറവുണ്ടെന്നാണു് ഞങ്ങള്‍ക്കു് തോന്നുന്നതു്. ഈ ആപ്പുകള്‍ ദുരന്ത സമയത്തുള്ള ആശയവിനിമയത്തിനു് വളരെയധികം ഉപകാരം ചെയ്തിട്ടുളളതും പോരാതെ ഓഫീസുകളിലെ നിരന്തരമായുളള പരസ്പരവിനിമയത്തിനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്നതുമാണ്.
ഈ നിരോധനം കൊണ്ടു് ഉദ്ദേശിയ്ക്കുന്ന ഫലമുണ്ടാവില്ല എന്നാണു് ഞങ്ങള്‍ വിശ്വസിയ്ക്കുന്നതു്, കാരണം തീവ്രവാദികള്‍ക്കു് ഇതിനു പകരം അജ്‍ഞാതമായി ഉപയോഗിയ്ക്കാവുന്ന നിരവധി ബദല്‍ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണു്.
എലമെന്റ്‍, ബ്രയാര്‍ തുടങ്ങിയ ഫെഡറേറ്റഡ്, പിയര്‍-റ്റു-പിയര്‍, എന്‍ക്രിപ്റ്റഡ്, സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ആപ്പുകള്‍/സോഫ്റ്റ്‍വെയറുകള്‍ പ്രചരിപ്പിയ്ക്കുകയാണു് വേണ്ടതു്. നമ്മുടെ പരമധികാരത്തിനകത്തു് നിന്നും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കി ഇന്ത്യയിലെ പൌരന്മാര്‍ക്കു് ആശയവിനിമയം സാധ്യമാക്കുന്ന നമ്മുടെ രാജ്യസുരക്ഷയുടെ കേന്ദ്രബിന്ദുവാണിവ. ഫ്രാൻസ് 3, ജർമ്മനി 4, സ്വീഡൻ 5 എന്നിവടങ്ങളിലെ സര്‍ക്കാരുകൾ എലമെന്റ് പ്രോത്സാഹിപ്പിയ്ക്കുന്നു എന്നത് ഇന്ത്യ മാതൃകയാക്കേണ്ട ഉദാഹരണമാണ്.
കുറിപ്പുകള്‍
ഈമെയിലും ഫെഡറേറ്റഡാണു്, വളരെ കാലമായി ഉപയോഗത്തിലുള്ളതുമാണു്, ഇവര്‍ എലമെന്റിനെ നിരോധിക്കാന്‍ പറഞ്ഞ അതേ യുക്തി സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഈമെയില്‍ ആപ്പായ കെ9 മെയിലിനും ബാധകമാണു്. ഈമെയില്‍ സേവനം നല്‍കുന്ന ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നീ കമ്പനികള്‍ക്ക് പുറമെ ഇന്ത്യയില്‍ പ്രതിനിധികളില്ലാത്ത പല സേവന ദാതാക്കളും ഉണ്ടു്. എലമെൻ്റ് ആപ്പിന്റെ സേവനത്തിനു് പുറകിലുള്ള പ്രോട്ടോക്കോളായ മാട്രിക്സും ഈമെയില്‍ പോലെ ഫെഡറേറ്റഡ് ആണു്. പല മെട്രിക്സ് ക്ലയന്റ് ആപ്പുകളില്‍ ഒന്നു് മാത്രമാണു് എലമെന്റ്, matrix.org ആവട്ടെ പല മെക്ട്രിക്സ് സേവനദാതാക്കളില്‍ ഒന്നു് മാത്രവും. എല്ലാ സേവനങ്ങളും, ആപ്പുകളും, മാട്രിക്സ് ഉപയോഗിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളും നിരോധിക്കുന്നതു്, എല്ലാ ഈമെയില്‍ സേവന ദാതാക്കളെയും ആപ്പുകളേയും ഈമെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മുഴുവനായും നിരോധിക്കുന്നതിനു് സമാനമായിരിയ്ക്കും, അതു് സര്‍ക്കാരിനു് അസാദ്ധ്യമായിരിയ്ക്കും, കുടാതെ വളരെ പെട്ടെന്നും എളുപ്പത്തിലും അതിനു് പകരമായി പുതിയ ആപ്പുകളും സേവനദാതാക്കളും പുറത്തിറങ്ങുകയും ചെയ്യും.
മാട്രിക്സ് ഫെഡറേറ്റഡാണെന്നു് പറയുന്നതു് പോലെ, ബ്രയാര്‍ പി-റ്റു-പി (പിയര്‍-ടു-പിയര്‍) ആപ്പായതിനാല്‍, ഇതില്‍ സേവനദാതാക്കളാരും തന്നെ ഇല്ല, ഇതില്‍ സന്ദേശം കൈമാറാന്‍ രണ്ടു് പേരും ഒരേ സമയം ഓണ്‍ലൈനായിരിക്കണം. ഇതിനു് ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും ആവശ്യമില്ല, ബ്ലൂടുത്ത് വഴിയും വയര്‍ലെസ് നെറ്റ്‍വര്‍ക്ക് വഴിയും പ്രവര്‍ത്തിയ്ക്കും. പ്രകൃതി ദുരന്തം പോലെ മറ്റ് ആശയവിനിമയോപാധികള്‍ ലഭ്യമല്ലാത്ത സമയത്തു് ഇതു് സഹായകരമാണു്.
element.io എന്ന വെബ്സൈറ്റ് പല ഇന്റര്‍നെറ്റ് സേവന ദാതാക്കളും ബ്ലോക്ക് ചെയ്തതുകൊണ്ടു് അവയുടെ ആര്‍ക്കൈവ് ലിങ്കുകളാണു് താഴെ കൊടുത്തിരിയ്ക്കുന്നതു്.
അവലംബം
1: https://indianexpress.com/article/india/mobile-apps-blocked-jammu-kashmir-terrorists-8585046/