ഫസ്റ്റ് ബെല്‍ - ഒരു തുറന്ന കത്തു്


ആമുഖം

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയായ കൈറ്റിന്റെ - https://kite.kerala.gov.in/ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍ക്കു് ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കൂട്ടായ്മ - https://fsci.in എഴുതുന്ന തുറന്ന കത്താണിതു്. ഓണ്‍ലൈന്‍ പഠന പരിപാടിയായ ‘ഫസ്റ്റ് ബെല്‍’ സംബന്ധിച്ച ചില പ്രശ്നങ്ങളും അവയ്ക്കുള്ള ചില പരിഹാരങ്ങളും താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടു് വരാനാണു് ഞങ്ങള്‍ ഈ കത്തെഴുതുന്നതു്. ഞങ്ങളുടെ കൂട്ടായ്മ സ്വതന്ത്ര സോഫ്റ്റ്‍വെയറുമായി ബന്ധപ്പെട്ടു് പ്രവര്‍ത്തിയ്ക്കുന്നവരായതിനാല്‍ ഞങ്ങളുടെ നിര്‍ദ്ദേശങ്ങളും ഈ വിഷയത്തില്‍ മാത്രമായി ഒതുക്കുന്നു.

പശ്ചാത്തലം

നേരത്തെ ഐടി@സ്കൂളും ഇപ്പോള്‍ കൈറ്റും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അവതരിപ്പിച്ചും, വികസിപ്പിച്ചും പ്രചരിപ്പിച്ചും കേരളത്തിലെ സ്കൂള്‍ കൂട്ടായ്മകളെ സ്വതന്ത്രരാക്കാന്‍ നടത്തിയ ശ്രമങ്ങളെ ഞങ്ങള്‍ ആദ്യമായി തന്നെ അഭിനന്ദിയ്ക്കുന്നു.

എന്നാലിപ്പോള്‍ വാട്ട്സാപ്പ് ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തവരെപ്പോലും അതുപയോഗിക്കുവാന്‍ നിര്‍ബന്ധിക്കുകയാണ് പല സ്കൂളുകളും[1], വാട്ട്സാപ്പ് അമിതമായി ഉപയോഗിക്കുകയും അതിന് നിര്‍ബന്ധിക്കുകയും വഴി സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗം അട്ടിമറിയ്ക്കുകയാണ് ഇത്തരം സ്കൂളുകള്‍. പ്രത്യേകിച്ചും കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തിന് ശേഷം സ്വകാര്യതയുമായി ബന്ധപ്പെട്ട് വളരെയധികം കുപ്രസിദ്ധിയാര്‍ജ്ജിച്ച ഫേയ്സ്ബുക്കിന്റെ[2] കീഴിലുള്ള ഉത്പന്നമാണ് വാട്ട്സാപ്പ്. സ്വകാര്യതയുമായി ബന്ധപ്പെട്ട് വളരെയധികം പ്രശ്നങ്ങളുള്ള ഏതെങ്കിലും ഒരു വിദേശ കമ്പനിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിക്കാത്തതും സ്വതന്ത്ര സോഫ്റ്റ്‍വെയറുകളുമായ മൂഡില്‍ ലേണിങ്ങ് മാനേജ്മെന്റ് സിസ്റ്റം, മാട്രിക്സ് അധിഷ്ഠിത മെസ്സേജിങ്ങ് സേവനങ്ങള്‍[4] പോലെയുള്ള നല്ല ബദല്‍ സംവിധാനങ്ങളാണ് ശരിക്കും കൈറ്റ് പ്രോത്സാഹിപ്പിക്കേണ്ടത്.

വിശദമായി

സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണം പലരും വാട്ട്സാപ്പ് പോലുള്ള സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിയ്ക്കാന്‍ മടിയ്ക്കുകയാണ്. അവരെ ഈ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിയ്ക്കാനോ ഈ സോഫ്റ്റ്‍വെയറുകളുടെ ഏജന്റുമാരാവാനോ നിര്‍ബന്ധിയ്ക്കുന്നത് ശരിയല്ല. കൂടാതെ വാട്ട്സാപ്പിന്റെ കാര്യമെടുത്താല്‍ സ്മാര്‍ട്ട്ഫോണില്ലാത്തവര്‍ക്ക് അടുത്തുള്ള വായനശാലയിലെ കമ്പ്യൂട്ടര്‍ പോലും ഉപയോഗിയ്ക്കാന്‍ പറ്റില്ല. പല രക്ഷിതാക്കളും അധ്യാപകരും സ്മാര്‍ട്ട്ഫോണ്‍ വാങ്ങി വാട്ട്സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാത്തതിന്റെ പേരില്‍ മാനസികമായി പീഡിപ്പിയ്ക്കപ്പെടുന്നു. ചിലരെല്ലാം അത് ചെറുത്തുനിന്നു. തീര്‍ച്ചായും സ്കൂള്‍ കൂട്ടായ്മകള്‍ പുതിയത് സ്വീകരിയ്ക്കണം, പക്ഷേ അതു് അപകടകരമല്ലെങ്കില്‍ മാത്രം. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന സ്വതന്ത്ര ബദലുകള്‍ മുന്നോട്ട് വയ്ക്കുന്നതും പ്രചരിപ്പിയ്ക്കുന്നതുമാണു് കൂടുതല്‍ നല്ലത്.

ദീ‌ഘകാലത്തേക്കുള്ള ശരിയായ സംവിധാനങ്ങളെ വിസ്മരിച്ചുകൊണ്ട് ഹ്രസ്വകാലലക്ഷ്യങ്ങൾ നേടാനായി സൗകര്യങ്ങൾ മാത്രം നോക്കി ധൃതിയിൽ നടത്തിയ തിരഞ്ഞെടുപ്പുകളുടെ മാലിന്യക്കൂമ്പാരമായിരിക്കുകയാണ് വിദ്യാഭ്യാസത്തിനായുള്ള “ഓൺലൈനിലേക്കുള്ള നീക്കം”. ഉള്ളടക്കം, ഹോംവർക്ക്, തുടങ്ങിയവ പങ്കുവയ്ക്കുന്നതിനായി വാട്ട്സാപ് കൂടാതെ സ്മാർട്ട്ഫോണിന്റെയും മറ്റും അഭാവത്തിൽ ഒരു പ്രത്യേകതരത്തിലുള്ള ഇമെയ്ൽ അക്കൗണ്ടുകൾ (ജിമെയിൽ ആയാൽ നന്ന്) തുറക്കാനായി മാതാപിതാക്കളോട് ചില വിദ്യാലയങ്ങൾ ആവശ്യപ്പെട്ട പല സംഭവങ്ങളുണ്ട്. ആധുനികമായ എന്തെങ്കിലും ചെയ്യുന്നു എന്നു കാണിക്കാനുള്ള സമ്മർദ്ധത്താൽ സ്ക്കൂൾ കമ്മിറ്റികൾ അനൗപചാരികമായെടുക്കുന്ന തീരുമാനങ്ങൾ മോശമായ തീരുമാനങ്ങൾകൊണ്ട് തുടങ്ങുന്നതിനുള്ള നല്ല അവസരമാണ്.

കൈറ്റില്‍നിന്നും വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഏതെങ്കിലും ഒരു മെസേജിംഗ് സര്‍വീസ് ഉപയോഗിക്കുക എന്ന നിര്‍ദേശമാണ് നൽകിയിരിക്കുന്നത് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എന്നാൽ കോഴിക്കോട് ഡയറ്റിന്റെ മാർഗരേഖയിൽ വാട്ട്സാപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം എന്ന് എടുത്തുപറഞ്ഞിരിക്കുന്നു. മൂഡിൽ പോലുള്ള സ്വയം ഹോസ്റ്റ് ചെയ്യാവുന്ന ലേണിംഗ് മാനേജ്മെന്റ് സോഫ്റ്റ്‍വെയര്‍ സ്കെയിൽ (ഒരേ സമയത്ത് ഒരുപാട് പേര്‍ സര്‍വീസ് ഉപയോഗിക്കുമ്പോൾ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ചെയ്യേണ്ടത്) ചെയ്യാനുള്ള ബുദ്ധിമുട്ട് അത്തരം സാധ്യത സ്വീകരിക്കുന്നതിന് തടസ്സമായി.

മാട്രിക്സ് പ്രോട്ടോകോള്‍ ഉപയോഗിക്കുന്ന പല ആപ്പ്ളിക്കേഷനുകളുള്ളത് കൊണ്ട് അവയിലിഷ്ടമുള്ളത് മൊബൈലിലോ ഡസ്ക്‌ടോപ്പിലോ ഉപയോക്താവിന് തിരഞ്ഞെടുക്കാവുന്നതാണത്. കൂടുതല്‍ ഫീച്ചറുകളുള്ള റയട്ടോ (Riot) എളുപ്പത്തിലുപയോഗിയ്ക്കാവുന്ന ഫ്ലഫി ചാറ്റോ (Fluffy Chat) ഉപയോഗിയ്ക്കാം. ഒരു വൈബ് ബ്രൌസറില്‍ നിന്നും നേരിട്ട് മറ്റ് ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ ഉപയോഗിയ്ക്കാനും പറ്റുന്നതിനാല്‍ ഒരു പൊതു വായനശാലയിലെ കമ്പ്യൂട്ടറില്‍ നിന്നു പോലും ഇതുപയോഗിയ്ക്കാവുന്നതാണ്.

ശുപാർശകൾ

  1. ഒരു പ്രത്യേക സേവനദാതാവ് മാത്രമുള്ള കുത്തക സേവനങ്ങളല്ലാത്ത മറ്റു ആശയവിനിയ ഉപാധികള്‍ അധ്യാപകരെ പരിചയപ്പെടുത്താനും അവരുടെ ഇടയില്‍ പ്രചരിപ്പിയ്ക്കാനും കൈറ്റ് മുന്‍കൈ എടുക്കണം എന്നാണു ഞങ്ങള്‍ കരുതുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വികേന്ദ്രീകൃതമായ മെസേജിങ്ങ് സേവനങ്ങളോ അല്ലെങ്കില്‍ ഈമെയിലോ വാട്സാപ്പിനു പകരമായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കണം. അത്തരം സേവനങ്ങള്‍ നല്‍കാനോ സേവനദാതാക്കളെ നിര്‍ദ്ദേശിയ്ക്കാനോ താത്പര്യമുള്ള അധ്യാപകര്‍ക്കു് പരിശീലനം നല്‍കാനോ ഞങ്ങളുടെ കൂട്ടായ്മ ഒരുക്കമാണ്. അധ്യാപകര്‍ക്കു പിന്തുണയുമായി സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കൂട്ടായ്മയില്‍ നിന്നും 25 ലധികം പേര്‍ ഇതിനകം തന്നെ മുന്നോട്ടു് വന്നിട്ടുണ്ട്.

  2. മൂഡില്‍ സോഫ്റ്റ്‍വെയര്‍ ഉപയോഗിയ്ക്കാന്‍ ഏതെങ്കിലും സ്കൂള്‍ താത്പര്യം പ്രകടിപ്പിയ്ക്കുകയാണെങ്കില്‍ ഒരു മൂഡില്‍ സേവനമെങ്കിലും ഓടിയ്ക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. ഇതുപോലെ കൂടുതല്‍ മൂഡില്‍ സേവനങ്ങള്‍ ഓടിയ്ക്കാന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ സഹായം ചോദിയ്ക്കാനും ഞങ്ങള്‍ ഒരുക്കമാണ്.

  3. ഇപ്പോള്‍ വിക്ടേഴ്സ് ചാനലിലെ ക്ളാസ്സുകള്‍ സംപ്രേഷണം കഴി‍ഞ്ഞാല്‍ ആ വീഡിയോകള്‍ യൂട്യൂബിലോ ഫേയ്സ്ബുക്കിലോ ആണ് അപ്പ്ലോഡ് ചെയ്യുന്നത്. ഇതിനോടോപ്പം സ്വതന്ത്ര സോഫ്റ്റ്‍വെയറും സ്വകാര്യത സംരക്ഷിക്കുന്നതുമായ പീയര്‍ട്യൂബ് സേവനം നല്കുന്നതിനെപ്പറ്റി കൈറ്റ് ആലോചിക്കേണ്ടതാണ്. ഞങ്ങള്‍ സ്വന്തമായി പീയര്‍ട്യൂബ് സേവനം https://videos.fsci.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൈറ്റിനു സമ്മതമാണെങ്കില്‍ ഇപ്പോഴുള്ള വീ‍ഡിയോകളുടെ ഒരു പകര്‍പ്പ് അവിടെ ലഭ്യമാക്കുകയോ, കൈറ്റിനായി വീഡിയോ സ്വയം അപ്പലോഡ് ചെയ്യാന്‍ അവിടെ ഒരു ചാനല്‍ ലഭ്യമാക്കുകയോ ചെയ്യാം. കൈമാറ്റം ചെയ്യുന്നതനുവധിക്കുന്ന ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ വീഡിയോസ് അപ്പ്ലോഡ് ചെയ്താല്‍ നേരിട്ട് യൂട്യൂബ് ചാനലില്‍ നിന്നും നേരിട്ടെടുത്ത് ലഭ്യമാക്കാനും ഞങ്ങള്‍ സന്നദ്ധരാണ്.

നേരിട്ട് ബന്ധപ്പെടുന്നതിന്

ഏതെങ്കിലും അദ്ധ്യാപകര്‍ക്ക് ഒരു കമ്പനിയുടേയും കുത്തകയല്ലാത്ത സ്വതന്ത്ര സോഫ്റ്റവെയറധിഷ്ഠിതമായ ഈ സേവനങ്ങള്‍ ലഭ്യമാക്കാന്‍ താല്പര്യമുണ്ടെങ്കില്‍ താഴെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

  1. നിങ്ങളുടെ അഭ്യര്‍ത്ഥന ഞങ്ങളുടെ ഓണ്‍ലൈന്‍ ചര്‍ച്ചാകൂട്ടത്തില്‍ ( https://codema.in/free-software-community-of-india-fsci/ പോസ്റ്റ് ചെയ്യാം.
    ചർച്ച കാണുക.

  2. ഇമെയിലില്‍ ബന്ധപ്പെടാന്‍ - admin at fsci.in

  3. ഫോണിലൂടെയോ എസെമ്മസിലൂടെയോ ബന്ധപ്പെടാന്‍ - പ്രവീണ്‍ (+91 9561745712) or തന്‍സീം (+91 9446705956, +91 9746495247)ഞങ്ങളെ ബന്ധപ്പെടുന്നു

അവലംബം

  1. https://www.doolnews.com/online-learning-parents-and-teachers-need-attention-education-department-guidelines-454.html (ഈ ലേഖനത്തില്‍ പറയുന്ന മാര്‍ഗരേഖയുടെ പകര്‍പ്പ് ഞങ്ങളുടെ കൈവശമുണ്ട്)

  2. https://www.fsf.org/facebook

  3. https://www.reuters.com/article/us-facebook-cambridge-analytica-factbox/factbox-who-is-cambridge-analytica-and-what-did-it-do-idUSKBN1GW07F

  4. https://medium.com/we-distribute/riot-a-decentralized-slack-like-messenger-powered-by-matrix-25f9b72cd24

  5. http://lists.smc.org.in/pipermail/discuss-smc.org.in/2020-June/003627.html

  6. http://lists.smc.org.in/pipermail/discuss-smc.org.in/2020-June/003643.html

  7. https://education.kerala.gov.in/wp-content/uploads/2020/05/GO-Online-Class-First-Bell.pdf

  8. https://yewtu.be/watch?v=jr2mXSKq3B4

  9. https://codema.in/d/LDwsanKx/open-letter-to-kerala-it-school-kite-director-on-forcing-teachers-students-and-parents-to-use-whatsapp/5